Subscribe:

Ads 468x60px

.

Pages

Friday, July 29, 2011

മഴക്ക് പറയാനുള്ളത് !!!


ഴക്കൊരുപാട് പറയാനുണ്ടായിരുന്നു.
വേദനയുടെ, വിരഹത്തിന്റെ ആത്മാവിൽ തട്ടു-
മായിരം കാവ്യശകലങ്ങൾ.
ചിരിയുടെ, ചിന്തയുടെ ചേതോഹരമായ
ഒരുപാട് ഓർമ്മച്ചീളുകൾ.

കരിമേഘത്തിൻ കൽത്തുറങ്കിൽ
നിന്നൊരു കുഞ്ഞു കണമായ് പൊഴിഞ്ഞ്
മണ്ണിൽ മരുപ്പച്ച തീർക്കുന്നോരീ ക്ഷണത്തിൽ
ഒരുപാട് ഹൃദയങ്ങളെ തൊട്ടറിയുന്നവൾ.

നിറമില്ലാതൂർന്നു വീഴുന്നു പാരിൽ നിന്നെങ്കിലും
നിറമാർന്ന മഴവില്ല് ചമക്കുന്നു മണ്ണിലും മനസ്സിലും.
കുളിരാർന്ന മഴയുടെ ഭാവവും താളവും
തണലാക്കി വിരിയുന്നു മണ്ണിൽ പൂക്കളും പ്രണയവും.

കരിപുരണ്ട കാഴ്ച്ചകൾ ഈ ഭൂവിൽ കാണവേ-
യവളുടെ കണ്ണീർ നിറക്കുന്നു നദികളെ.
ചിലനേരം രൗദ്രയായ് ഹനിക്കുന്നു ഭൂവിനെയും
അതിൽ വാഴും ആയിരം കിരാത ഹൃദയങ്ങളെയും.

മഴ മൗനിയാണെന്നൊരു അന്ധവിശ്വാസം
ഈ മണ്ണിലാരോ മന്ത്രിച്ചിരുന്നു.
മാനവ മനസ്സിന്റെ  നന്മയും തിന്മയും
മഴയായ് പൊഴിയുന്നു മൂകമീ ഭൂമിയിൽ.



Wednesday, July 27, 2011

വേനൽപക്ഷി പറക്കാൻ തുടങ്ങട്ടേ


ചിന്തകൾക്ക് കനം വെക്കൂമ്പോൾ ആശയങ്ങൾ ജനിക്കും. ആശയങ്ങൾ അക്ഷരങ്ങളെ ശ്വാസം മുട്ടിക്കും, വാക്കുകളായി പെയ്തിറങ്ങാൻ അവ കൊതിക്കും. കഥയായ്, കവിതയായ് പെയ്തിറങ്ങുന്ന വാക്കുകളെ കൂട്ടിവെക്കാൻ ഒരു കൂട് തേടി അലയുകയായിരുന്നു വേനൽപക്ഷി. പറിപ്പറന്ന് ഒടുവിൽ ഈ ബൂലോകത്ത് എത്തി. നന്മയുടെ നിറമുള്ള ഒരുപാട് അക്ഷരക്കൂടുകൾ ഇവിടെ കണ്ടു. അവക്കിടയിൽ ഒരു കൊച്ചു കൂടൊരുക്കാൻ വേനൽപക്ഷിയും തീരുമാനിച്ചു. മനസ്സിൽ നിന്നും കടമെടുത്ത ഒരുപിടി വാക്കുകൾ വെച്ച് ചെറിയൊരു കൂടുണ്ടാക്കി. അല്ലെങ്കിലും വലുപ്പത്തിൽ എന്ത് കാര്യം, “വല്യതല്ലെങ്കിലും നല്ലതാവണം” എന്ന പക്ഷക്കാരനാണു വേനൽപക്ഷി.


ശയങ്ങൾ അക്ഷരങ്ങളാകുമ്പോൾ അവ കൂട്ടിൽ നിരത്താം. കൂടുകൾ കയറിയിറങ്ങുമ്പോൾ ഈയുള്ളവന്റെ കൂട്ടിലും ഒന്നു കയറുക. ആത്മർഥമായ അഭിപ്രായങ്ങൾ, അവ അഭിനന്ദനങ്ങളായാലും വിമർശനങ്ങളായാലും അറിയിക്കുക. നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ തയ്യാറാണു വേനൽപക്ഷി. എങ്കിൽ വേനൽപക്ഷിയും ചിറകടിച്ച് പറന്നോട്ടെ ഈ ബൂലോകത്ത്...


ഫേസ്‌ബുക്കില്‍ ഒന്നു ലെയ്ക്കൂ

Related Posts Plugin for WordPress, Blogger...