Subscribe:

Ads 468x60px

.

Pages

Wednesday, August 24, 2011

മൃതിയില്ലാത്ത സ്വപ്നങ്ങൾ.



നസ്സിലുറങ്ങുന്ന സ്വപ്നങ്ങൾക്ക്‌
വിളറിയ വെളുപ്പ്‌ നിറമാണ് .
ചങ്ങലക്കിട്ട ഭ്രാന്തന്റെ ജല്പനങ്ങളാണ് .
അവയുടെ ചലനമില്ലാത്ത ചിറകുകൾക്ക്‌
കൂട്ടിലടച്ച കിളിയുടെ നിസ്സഹായതയാണ് .

ഓർമ്മകൾക്ക്‌ കാവലിരിക്കുമ്പോളും,
സ്വപ്നങ്ങൾക്ക്‌ മറവിയോടാണ് പ്രണയം!.
മരിക്കാത്ത ഓർമ്മകൾക്ക്‌
മറവിയുടെ ചായം പൂശുമ്പോൾ,
ഉറങ്ങുന്ന സ്വപ്നങ്ങളായി അവ
മനസ്സിൽ ചേക്കേറും.

തുറന്നുവിട്ട സ്വപ്നങ്ങൾക്ക്‌
മഴവില്ലിന്റെ നിറമാണ് .
കണ്ണീരിന്റെ നനവുള്ളവക്കും
ഒളിമങ്ങാത്ത ശോഭയാണു!.

അതിരില്ലാത്ത നീലാകാശത്ത്‌
സ്വപ്നങ്ങളെ തുറന്നുവിട്ട്‌,
അലയൊതുങ്ങിയ കടൽക്കരയിൽ
നനവ്‌ വറ്റാത്ത മണൽത്തിട്ടയിൽ
ചേർന്നുകിടക്കാനാണ് എനിക്കിഷ്ടം.
അനന്തതയിൽ അവ അലഞ്ഞു നടക്കട്ടെ,
നൂലില്ലാപ്പട്ടങ്ങളെപ്പോലെ
സ്വതന്ത്രസഞ്ചാരം നടത്തട്ടെ!.

കൈയ്യെത്താത്ത അകലങ്ങളിലാണെങ്കിലും
എന്റെ സ്വപ്നങ്ങൾ എന്റേത്‌ മാത്രമാണ് .
അസ്തിത്വം തേടി അവ കാലാന്തരങ്ങളിൽ
എന്നിലേക്ക്‌ തിരികെ വരും...
എന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്താൻ
സ്വയം ത്യജിച്ച്‌,
യാഥാർത്ഥ്യത്തിനു വഴി മാറും.
ചിലത്‌ ലക്ഷ്യം മറന്ന്‌, രക്തം പൊടിഞ്ഞ്‌,
മോഹങ്ങളെ നിറം കെടുത്തും.
പ്രത്യാശയുടെ പുതുജീവനേകി
വീണ്ടും ഞാനവയെ
വിഹായസ്സിലേക്കയക്കും.

ഒടുവിൽ മൃതിയെന്നെ പുൽകുമ്പോളും
ഒരായിരം സ്വപ്നങ്ങൾ നീലാകാശത്ത്‌
നിറഞ്ഞ്‌ നിൽക്കും..
മൃതി പുണരാത്ത
എന്റെ സ്മൃതിയുമായ്‌...!


Sunday, August 14, 2011

സ്വാതന്ത്ര്യത്തിന്റെ കയ്പ്പ്



ന്നീ സ്വാതന്ത്ര്യപ്പുലരിയിൽ
മൂവർണ്ണക്കൊടി വാനിലുയരെപ്പറത്തി
സ്വാതന്ത്ര്യത്തിരുമധുരം പതിയെ നുണയുന്ന
വേളയിലൊരു നിമിഷം വരൂ സോദരാ നമുക്കാ
കാലചക്രം വെറുതെ പിറകോട്ടു തിരിച്ചു നോക്കാം.

തൊലി ചുളിഞ്ഞെങ്കിലും തളരാത്ത കൈകൊണ്ടവിടെ
ചർക്കയിൽ നിനക്കു തുണിനെയ്യുന്ന യോഗിയെക്കണ്ടറിയാതെ
തല കുനിക്കാതിരുന്നാൽ അത്ഭുതം.
ഒടുവിലാ ചങ്കിൽത്തറച്ച കൂരമ്പിനും
നീയിന്നു വാഴ്ത്തുന്ന സ്വാതന്ത്ര്യത്തിൻ ഗന്ധമുണ്ട്.

കാൽ തളരാതെ കൈ വിറക്കാതെയിനിയും നടക്കുക പിറകോട്ട്.

വെള്ളക്കാരന്റെ വെടിക്കോപ്പിനെതിരെ സധൈര്യം,
അടിപതറാതെ പോരാടും നിൻ സോദരെക്കണ്ടോ?
കറുത്ത ചോര മണ്ണിൽ പടരുമ്പോളവിടെ,
സ്വാതന്ത്ര്യത്തിൻ ചിത്രം തെളിയുന്നത്
മിഴിനിറയെ പാർക്ക നീ.

നിന്റെ സ്വാതന്ത്ര്യം കവരാൻ നിയമമൊരുക്കിയവർക്ക്,
വിപ്ലവം കൊണ്ട് മറുപടി കൊടുത്ത ധീരരെക്കാൺക.
അവരോടുചേർന്ന് ‘ഇങ്ക്വിലാബ്’ വിളിച്ചാകഴുമരം പൂകാൻ,
തിളക്കുന്നുണ്ടോ ഒരിറ്റു രക്തമെങ്കിലും നിൻ സിരകളിൽ.

അധികാരക്കസേരയിലിരുന്നാക്രോശത്തോടെ
തൻ പേരിരക്കുന്നവനോട്,
‘ആസാദെ’ന്നുറക്കെയുരിയാടാൻ വിറക്കാത്ത
നാക്കുള്ളൊരുത്തനെ നിറയെക്കാൺക നീ.

ജാലിയൻവാലാബാഗിന്റെ മണ്ണിൽ നിന്റെ സ്വാതന്ത്ര്യം
ചർച്ചയാക്കിയവർക്കെതിരെയുതിർന്ന പടക്കോപ്പിൻ,
കാഹളം മുഴങ്ങുന്നില്ലേ കഠോരം നിൻ കർണങ്ങളിൽ.
നിന്റെ സ്വാതന്ത്ര്യത്തിനു മധുരമേകാൻ ദണ്ഡിയുടെ
മണൽപ്പരപ്പിലുപ്പ് കുറുക്കിയവരെ തഴയുന്ന,
ലാത്തിക്കു കീഴേ പടച്ചട്ട തീർക്കാൻ സധൈര്യനാണോ നീ.

അവിടെയാ കൽക്കരി വണ്ടിയിൽ നിൻ കണ്ണെത്തിയില്ലേ?
അവരന്നു ശ്വസിക്കാതെ കരുതിവെച്ച പ്രാണവായു,
നിൻ സ്വാതന്ത്ര്യത്തിനുയിരേകിയെന്നോർത്ത്,
ഇരുമിഴികളിലൊന്നെങ്കിലും ഈറനണിയുന്നുണ്ടോ.

ഇവിടെ നീ കണ്ടറിഞ്ഞ ഗാന്ധിതൻ ക്ഷമയും,
ഭഗതിൻ കരുത്തും കൈയ്യിൽ മുറുകെപ്പിടിച്ചി-
ന്നിലേക്കു മടങ്ങിവന്നൊരുതവണകൂടി
സ്വാതന്ത്ര്യത്തിൻ മധുരം നുണയുക.
അത്ഭുതം വേണ്ടയൊരിത്തിരി കയ്പ്പുതോന്നിയെങ്കിൽ,
ആ മധുരത്തിൻ മഹത്വം നീ തിരിച്ചറിഞ്ഞതായിരിക്കാം!.

Thursday, August 4, 2011

യാത്രക്കൊടുവിൽ

ട്ടിവളർത്തിയ പെറ്റമ്മയോടൊരു
നന്ദിവാക്കുരിയിടാതെ,
ഏകലവ്യന്റെ ത്യാഗത്തിന്റെ കഥ ചൊല്ലിപ്പഠിപ്പിച്ച
ഗുരുനാഥനൊരു പരിഹാസപ്പുഞ്ചിരി നൽകി,
ഗാന്ധി ചിരിക്കുന്ന കടലാസു തുണ്ടും,
മടിശീല നിറയെ മഞ്ഞലോഹവും മോഹിച്ച്
യാത്ര തുടങ്ങി.

പോകും വഴി കൈത്താങ്ങ് നൽകിയ,
വിഡ്ഡികളെന്നവൻ മനസ്സിൽ കുറിച്ച,
ഒരു പറ്റം സുഹൃത്തുക്കളുടെ കൈകളറുത്ത്
ചന്തയിൽ കച്ചവടച്ചരക്കാക്കി.

ഏകാന്തതയിൽ ദാഹിച്ചപ്പോൾ
സ്നേഹത്തിന്റെ പാനപാത്രം തുറന്നു നീട്ടിയ
പ്രേമഭാജനത്തിന്റെ മാനത്തിനു വില പറഞ്ഞ്
പിന്നെയും മുന്നോട്ട്.

ആരോ കറുത്ത വാക്ക് പറഞ്ഞപ്പോൾ
ചോര മണക്കുന്ന കൈകൊണ്ട്
അനാഥാലയത്തിൽ അത്താഴം വിളമ്പി,
വഴിവക്കിൽ വെറുതെ നിന്നവർക്ക് പണം കൊടുത്ത്
സൽപ്പേരിനു കനം കൂട്ടി.

ഒടുവിൽ എല്ലാം നേടിയെന്നു സ്വയം ആരോപിച്ച്
പണപ്പെട്ടിയുടെ താക്കോൽ ചങ്കിൽ കോർത്ത്
ദീർഘമായൊരു നെടുവീർപ്പിട്ട്
ഉമ്മറത്തെ ചാരുകസേരയിൽ ഞെളിഞ്ഞിരിക്കാൻ തുനിഞ്ഞു

കൈയ്യിലൊരു കുരുക്കിട്ട കയറുമായി
കന്നാലിപ്പുറത്തൊരാൾ പടിപ്പുര കടന്നുവന്നു.
ചെവിയിൽ പതുക്കെ മന്ത്രിച്ചു
“പോകാം”
“പൊന്നും പണവും പണ്ടവുമൊന്നും എടുക്കേണ്ട കെട്ടോ”


ഫേസ്‌ബുക്കില്‍ ഒന്നു ലെയ്ക്കൂ

Related Posts Plugin for WordPress, Blogger...