Subscribe:

Ads 468x60px

.

Pages

Saturday, October 22, 2011

ചിത്രശലഭങ്ങളെയും കാത്ത്‌



"ഇന്നലെ വൈന്നേരം ഞാനതൊക്കെ നനച്ചതാ. നിങ്ങളെന്തിനാ ഈ വയ്യാമ്പാടില്ലാത്ത പണിക്ക് പോണേ.? ഡോക്ടറ് പറഞ്ഞിട്ടില്ലേ ശരീരനങ്ങണ്ടാന്ന്‌ "
അടുക്കളയില്‍ നിന്നും സാവിത്രിയുടെ ശബ്ദം.   
"ഇതൊക്കെ വാടീരിക്കിണു  സവിത്ര്യെ ...നനച്ചിട്ടില്ലെങ്കില് എല്ലാം ഉണങ്ങിപ്പോകും"  ഓരോ ചെടിക്കും ശ്രദ്ധയോടെ വെള്ളമൊഴിക്കുന്നതിനിടയില്‍ ദാമോദരന്‍ നായര്‍ ഭാര്യയുടെ പരിഭവത്തിന് സ്നേഹത്തോടെ മറുപടി കൊടുത്തു. 
അയാളുടെ അടക്കിപ്പിടിച്ചുള്ള ചുമ സാവിത്രിയുടെ മനസ്സിനെ വീണ്ടും  അസ്വസ്ഥമാക്കി.
"നിങ്ങള്‍ ഇങ്ങട്ട് കേറിപ്പോരൂ ഞാന്‍ നനച്ചോളാം അതൊക്കെ"
ശബ്ദമുയര്‍ത്തി കുറച്ച് കര്‍ക്കശമായിത്തന്നെ  അവര്‍ പറഞ്ഞു .
"ദാ കഴിഞ്ഞു "
അലസമായി മറുപടി കൊടുത്ത്‌ അയാള്‍ അടുത്ത ചെടിയുടെ ചുവട്ടിലേക്ക് നീങ്ങി. ആദ്യമായി വിരിഞ്ഞ പുഷ്പം അയാളെ കാണിക്കാന്‍ കാത്തിരിക്കുകയായിരുന്നു പനിനീര്‍ച്ചെടി.
മുറിപ്പാവാടയണിഞ്ഞ കുസൃതിക്കുടുക്കയെപ്പോലെ പുഞ്ചിരി തൂകിനിന്ന പനിനീര്‍പുഷ്പം അയാളുടെ ചുളിവു  വീണ മുഖത്ത്‌ കൌതുകത്തിന്റെ പിണരുകള്‍ പടര്‍ത്തി.
പേരക്കുഞ്ഞിനെ മുത്തച്ഛനെന്ന കണക്കെ അയാള്‍ പൂവിന്റെ മൃദുല ദളങ്ങളെ പതുക്കെ തലോടി.

ഒരു നിമിഷം അയാളുടെ  മനസ്സ്‌ വികാരഭരിതമായി.
തന്റെ പേരക്കുഞ്ഞുങ്ങളെ ഒരുനോക്കു കാണുവാന്‍... ഇതുവരെ സാധിച്ചില്ലല്ലോ...
ശാന്തമായ മനസ്സിലേക്ക് സംഘര്‍ഷങ്ങളുടെ അണ തുറന്നുവിട്ട പോലെ. പൈപ്പ്‌  ചെടികള്‍ക്കിടയിലേക്ക് ഒതുക്കിവെച്ചു. തോളില്‍ കിടന്ന തോര്‍ത്ത് കൊണ്ട്  കൈയും മുഖവും അമര്‍ത്തിത്തുടച്ചു. ചുമരിനെ താങ്ങാക്കി പടികള്‍ ചവിട്ടിക്കയറി ഉമ്മറത്തെ ചാരുകസേരയിലേക്ക് പതുക്കെ ഇരുന്നു.
കണ്ണുകള്‍ ഇറുക്കിയടച്ചു. പ്രതിരോധത്തെ തഴഞ്ഞ് കണ്ണുനീര്‍ത്തുള്ളികള്‍ വെളുത്ത കുറ്റിത്താടികള്‍ക്കിടയിലൂടെ മുഖത്തു പടര്‍ന്നു.

ചായക്കപ്പുമായി  സാവിത്രി ഉമ്മറത്തെത്തിയത് അയാള്‍ കണ്ടില്ല.
വാര്‍ധക്യത്തിന്റെ  അവശതകള്‍ അവരെയും വല്ലാതെ അലട്ടിയിരുന്നു. മനസ്സിന്റെ വൈഷമ്യം മുഖത്ത്‌ പ്രകടമായിരുന്നു.
കപ്പ് പതുക്കെ മേശപുറത്തുവച്ചു. തിരിഞ്ഞു നടക്കുന്നതിനിടയില്‍ അയാളുടെ മുഖം അവര്‍ ശ്രദ്ധിച്ചു.
"നിങ്ങളിങ്ങനെ വിഷമിക്കാതിരിയ്ക്ക്, അവര്‍ക്ക്‌ തിരക്കയതോണ്ടല്ലേ... ഒഴിവു കിട്ടുമ്പോ വരണ്ടിരിക്കില്ല്യ.."
തന്നെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണെങ്കിലും; സാവിത്രിയുടെ വാക്കുകളിലെ നിരാശയുടെ അംശം അയാളുടെ മനസ്സിനെ  വീണ്ടും കലുഷിതമാക്കി.
കണ്ണുകള്‍ പതുക്കെ തുറന്നു. കലുഷമായ  ചിന്തകളെ  മുഴുവന്‍ പുറത്തേക്ക്‌ കളയുമാറ് ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
"നീയ്യ് ചായ കുടിച്ചോ?"
"നിങ്ങള്  കുടിയ്ക്ക്; ഞാന്‍ കുടിച്ചോളാം"
സാവിത്രി അടുക്കളയിലേക്ക് നടന്നു. അയാളുടെ മനസ്സ്‌ വീണ്ടും ചിന്തകളിലേക്ക്  മുഴുകി.

സുധീഷിന്റെയും സൂര്യയുടെയും പഠനത്തിന്റെ സൌകര്യത്തിനായാണ് ജനിച്ച നാടും വീടും ഉപേക്ഷിച്ച് ; കോഴിക്കോടു നിന്നും ട്രാന്‍സ്ഫര്‍ തരപ്പെടുത്തി, തിരുവനന്തപുരത്തേക്ക്‌  ജീവിതം പറിച്ചു നടാന്‍ ദാമോദരന്‍ നായര്‍ നിര്‍ബ്ബന്ധിതനായത്‌.
നാട്ടില്‍ നിന്നും അകന്നതോടെ നാട്ടുകാരില്‍നിന്നകന്നു, ബന്ധുക്കളില്‍ നിന്നും...
ജോലിയുടെയും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളുടെയും തിരക്കുകള്‍ കാരണം പറിച്ചു നട്ടിടത്ത് പുതിയ സൌഹൃദങ്ങളെ തേടിപ്പിടിക്കാനായില്ല.  ഭാര്യക്കും, മകനും മകള്‍ക്കുമൊത്തുള്ള സന്തോഷകരമായ ജീവിതം അയാളെ അതിനു പ്രേരിപ്പിച്ചതുമില്ല. 
ഇപ്പോള്‍ തിരക്കൊഴിഞ്ഞപ്പോളും ആ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു.
മൂത്തവളായ സൂര്യയുടെ വിവാഹത്തോടെയാണ് ദാമോദരന്‍ നായരുടെയും സാവിത്രിയുടെയും ജീവിതത്തില്‍ മാറ്റങ്ങളുടെ മരുക്കാറ്റ് വീശാന്‍ തുടങ്ങിയത്. വിവാഹ ശേഷം ഭര്‍ത്താവിന്റെ  കൂടെ അവളും വിദേശത്ത്‌  സ്ഥിരതാമസമാക്കി.
ചിരിച്ചും കളിച്ചും,  ഇണങ്ങിയും പിണങ്ങിയും ദിനങ്ങളെ നിറം പിടിപ്പിച്ചിരുന്ന അവളുടെ അഭാവം അയാളെ  വല്ലാതെ നിരാശപ്പെടുത്തി. ഇളയവനായ മകന്റെ സാമീപ്യം  കൊണ്ട് അയാള്‍ ആ ശൂന്യതയെ നിറയ്ക്കാന്‍ ശ്രമിച്ചു .
ആ ആശ്വാസവും കൂടുതല്‍ കാലം നീണ്ടു നിന്നില്ല. മകന് വിദേശത്ത്‌ ഒരു പ്രമുഖ സ്ഥാപനത്തില്‍ ജോലി ലഭിച്ചു . വിവാഹ ശേഷം അവനും കുടുംബവും വിദേശത്തേക്ക് പറന്നു.
അങ്ങനെ കാലം അയാളെയും ഭാര്യയേയും തനിച്ചാക്കി.
കണ്ണുകള്‍ അകന്നെങ്കിലും കാതുകളിലൂടെ അവര്‍ മക്കളുമായി സന്തോഷം പങ്കുവെച്ചു. ഐ.സ്.ഡി കാളുകളുമായി ടെലഫോണ്‍ നിരന്തരം അവരുടെ എകാന്തതക്കുമേല്‍ സന്തോഷത്തിന്റെ മധുര സംഗീതം മുഴക്കി.
പതിയെ പതിയെ മണിനാദത്തിന്റെ ഇടവേളകള്‍ക്ക് ദൈര്‍ഘ്യം കൂടി. കാത്തിരിപ്പുകള്‍ക്ക്‌ വിരാമമില്ലാതായി.കാലത്തിന്റെ കുത്തൊഴുക്കില്‍ ഫോണിന്റെ നിലവിളിയും നിലച്ചപ്പോള്‍ ദാമോദരന്‍ നായരും സാവിത്രിയും തിര്‍ത്തും ഒറ്റയ്ക്കായി.

എവിടെനിന്നോ പറന്നുവന്ന വര്‍ണ്ണച്ചിറകുള്ള ഒരു ചിത്രശലഭം റോസാപ്പൂവിനെ ഉമ്മവച്ച് ധൃതിയില്‍ പറന്നകന്നു. കണ്ണില്‍ നിന്നും മറയുന്ന വരെ അയാള്‍ അതിനെ തന്നെ നോക്കി നിന്നു.പിന്നെയും ചിന്തയുടെ കയങ്ങളിലേയ്ക്ക് ഊളിയിട്ടു.

ഇന്നലെ അമ്മുമോളുടെ പിറന്നാളായിരുന്നു. രാവിലെ തന്നെ പതിവിലാതെ ഫോണ്‍  ശബ്ദിച്ചപ്പോള്‍ പൂര്‍ണ്ണ ചന്ദ്രന്റെ ശോഭയായിരുന്നു സാവിത്രിയുടെ മുഖത്ത്‌. പതിവായി പരിഭവം പറയുന്ന മുട്ടുവേദനയെ വകവെയ്ക്കാതെ ഓടിപ്പോയി ഫോണെടുത്തു. റോങ്ങ് നമ്പര്‍ എന്നു പറഞ്ഞു വക്കുമ്പോള്‍, തന്നെ കാണിക്കാതെ സാരിത്തലപ്പ് കൊണ്ട് അവള്‍ കണ്ണ് തുടക്കുന്നുണ്ടായിരുന്നു.
അമ്മുമോള്‍ക്ക് നാലു വയസ്സ് തികഞ്ഞു. താനും സാവിത്രിയും ഇതുവരെ അവളെ കണ്ടിട്ടില്ല. വാരിപ്പുണര്‍ന്ന് ഒരുമ്മ കൊടുത്തിട്ടില്ല...ഒമനിച്ചിട്ടില്ല..
കഴിഞ്ഞ പിറന്നാളിനാണ് അവളുടെ ശബ്ദം അവസാനമായി കേട്ടത്. സംസാരിച്ച് തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ അവള്‍. മുത്തച്ഛാ എന്ന് വിളിച്ചത് ഇന്നും മനസ്സിന്റെ കോണില്‍ നനുത്ത മഞ്ഞു തുള്ളി പോലെ കുളിരണിയിക്കുന്നുണ്ട്. സുധീഷും കുറച്ചു സംസാരിച്ചു. വളരെ കുറച്ച് മാത്രം...

ചിന്തകള്‍ അയാളുടെ മനസ്സിലേക്ക് തീ കോരിയിടുകയാണ്. ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ മാറ്റിവച്ചത്‌ അവര്‍ക്ക് വേണ്ടിയായിരുന്നു. അവരുടെ സ്വപ്നങ്ങള്‍ക്കു വേണ്ടി ദു:ഖങ്ങളെ കുഴികുത്തി മൂടുകയായിരുന്നു. ഒരു ശരാശരി സര്‍ക്കാര്‍ ജീവനക്കാരന്റെ ഇല്ലായ്മകള്‍ അറിയിക്കാതെയാണ് അവരെ വളര്‍ത്തിയത്‌. എന്നിട്ടും അവര്‍...അവര്‍ക്കിങ്ങനെ മാറാന്‍ എങ്ങനെ കഴിഞ്ഞു...
കൂടെയുള്ളപ്പോള്‍ തന്നെയും സാവിത്രിയേയും പിരിഞ്ഞിരിക്കാന്‍ പോലും വൈഷമ്യം കാണിച്ച അവര്‍ ...
പൊയ്മുഖമണിഞ്ഞ ജീവിതമെന്ന നാടകം അയാള്‍ക്കു മടുത്തിരുന്നു. മരണമെന്ന അവസാന വാക്കിനെ ഇഷ്ടപ്പെടുവാന്‍ തുടങ്ങിയിരിക്കുന്നു.
ചുറ്റിലും അര്‍ത്ഥശൂന്യതകളാണ്. മുറ്റത്തെ പൂക്കളില്‍ വന്നിരുന്ന് മാധുര്യം മുഴുവന്‍ പകര്‍ന്നെടുത്ത് പറന്നകലുന്ന ശലഭങ്ങളെ അയാള്‍ വെറുപ്പോടെ നോക്കി. ഇനി അവ തിരിച്ചു വരില്ല. ഒരിക്കല്‍ പോലും...
പ്രതീക്ഷയുടെ മുകുളങ്ങളെല്ലാം കൊഴിഞ്ഞു പോയ മനസ്സ്‌ അയാളുടെ ശരീരത്തെക്കാള്‍ ദൈന്യതയിലായിരുന്നു.
ജീവിക്കുന്ന ഓരോ നിമിഷവും വ്യര്‍ഥമായി അയാള്‍ക്ക് തോന്നി. പൊഴിയുന്ന ദിനങ്ങളെ വിരസമായി തള്ളിനീക്കി. മനസ്സ്‌ അയാളുടെ ശരീരത്തെക്കൂടി തളര്‍ത്തികൊണ്ടിരുന്നു. താമസിയാതെ ആശുപത്രിയുടെ ചുവരുകള്‍ക്ക് നടുവിലേക്ക്‌ മനസ്സ്‌ മരിച്ച ശരീരം പറിച്ചു നടപ്പെട്ടു.
മരണത്തിലേക്കുള്ള ദൂരം കുറഞ്ഞതില്‍ അയാള്‍ സന്തോഷിച്ചു.സാവിത്രിയെ തനിച്ചാക്കണമെന്ന വിഷമം മാത്രം.സാരമില്ല അവളെ അവര്‍ കൊണ്ട് പൊയ്ക്കൊള്ളും . സ്വയം സമാധാനിപ്പിക്കാന്‍ ശ്രമം നടത്തി.
പതിവ്‌ പരിശോധന കഴിഞ്ഞ് നേഴ്സിന് ധൃതിയില്‍ എന്തൊക്കെയോ നിര്‍ദേശങ്ങള്‍ കൊടുക്കുകയാണ് ഡോക്ടര്‍. സാവിത്രിയുടെ മുഖത്ത്‌ പരിഭവം നിഴലിച്ചിരിക്കുന്നു. അതയാളെ വിഷമിപ്പിച്ചു.
അവര്‍ ഡോക്ടറുടെ അടുത്തേക്ക്‌ ചെന്നു.
"കണ്ടിഷന്‍ അല്‍പ്പം മോശമാണ്. ഐ.സി.യു വിലേക്ക് മാറ്റേണ്ടി വരും. നിങ്ങള്‍ ഒറ്റയ്ക്കാണോ?..ബന്ധുക്കളെ ആരെയെങ്കിലും വിളിയ്ക്കൂ...എന്തെങ്കിലും അത്യാവശ്യമുണ്ടായാല്‍..എന്തു ചെയ്യും...? "
ഡോക്ടറുടെ വാക്കുകള്‍ ശരീരത്തെ തളര്‍ത്തുന്നത് പോലെ സാവിത്രിക്കു തോന്നി.
" മക്കളെ അ...റിയിക്കാം ഡോക്ട..ര്‍..." വാക്കുകള്‍ എവിടെയൊക്കെയോ മുറിഞ്ഞു പോയെങ്കിലും  അവര്‍ പറഞ്ഞൊപ്പിച്ചു .

ഉറക്കം പോലും വെടിഞ്ഞ് തന്നെയും സുശ്രൂഷിച്ച് കൂടെയുണ്ടായിരുന്ന സാവിത്രിയുടെ അഭാവം ഐ.സി.യു വിലെ ദിനങ്ങളില്‍ അയാളെ വല്ലാതെ നിരാശപ്പെടുത്തി. അര്‍ത്ഥശൂന്യമായ തന്റെ ജീവന്റെ ഓരോ തുടിപ്പും നിരീക്ഷിച്ച് ചുറ്റിലും നിലകൊണ്ട യന്ത്രങ്ങളെ അയാള്‍ പരിഹാസത്തോടെ നോക്കി.
വ്യര്‍ഥമായ കെട്ടുപാടുകളെ പൊട്ടിച്ചെറിഞ്ഞ് നിസ്വാര്‍ത്ഥമായ ലോകത്തേക്ക് മടങ്ങാന്‍ അയാളുടെ മനസ്സ്‌ വെമ്പല്‍ കൊണ്ടു.
ചുവപ്പ് വരകളായി യന്ത്രങ്ങളില്‍ മിന്നിമറയുന്ന ജീവന്റെ തുടിപ്പുകള്‍ നിലയ്ക്കുന്നതും നോക്കി അയാള്‍ കിടന്നു.

" ഇപ്പോള്‍ ശ്വസിക്കാന്‍ വിഷമം തോന്നുന്നുണ്ടോ...? " പെട്ടന്ന് കടന്നു വന്ന ഡോക്ടര്‍ അയാളുടെ ശ്രദ്ധയെ തിരിച്ചു.
" ഭാര്യക്കും മക്കള്‍ക്കും നിങ്ങളെ കാണണമെന്ന് പറയുന്നു. കൂടുതല്‍ സംസാരിക്കരുത്. " ഡോക്ടര്‍ പുറത്തേക്ക്‌ പോയി.

വാതില്‍ തുറന്ന് അകത്തേക്ക് നോക്കുന്ന കുഞ്ഞു മുഖം അയാളുടെ മുഖത്ത്‌ ആയിരം പൂര്‍ണ്ണ ചന്ദ്രന്‍മ്മാരുടെ ശോഭ ചൊരിഞ്ഞു. തന്റെ അമ്മുമോള്‍...
സുധീഷിന്റെ വിരലില്‍ തൂങ്ങി അവള്‍ അയാളുടെ അടുത്തേക്ക്‌ നടന്നു. പതുക്കെ തലയുയര്‍ത്തി ദാമോദരന്‍ നായര്‍ മകനെ നോക്കി.
സുധീഷ് ഇരുകൈകളും കൊണ്ട് പിതാവിന്റെ തളര്‍ന്ന കൈയില്‍ മുറുകെ പിടിച്ചു. നിറഞ്ഞ കണ്ണുകളില്‍ ദു:ഖവും കുറ്റബോധവും ഒരുപോലെ നിഴലിച്ചു നില്‍ക്കുന്നത്‌ ദാമോദരന്‍ നായര്‍ കണ്ടു.
മനസ്സിനെ ചുട്ടുനീറ്റിയിരുന്ന തീക്കനല്‍ മഞ്ഞുതുള്ളി വീണ് കുതിര്‍ന്ന പോലെ.
നിറഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ട് അടുത്തിരുന്ന തന്റെ മകളെ അയാള്‍ പുഞ്ചിരിയോടെ നോക്കി.അവളുടെ സാരിത്തുമ്പില്‍ പിടിച്ചു നില്‍ക്കുന്ന അപ്പുമോന്റെ കവിളില്‍ പതിയെ തലോടി.

തന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന അമ്മുമോളെ അയാള്‍ ചേര്‍ത്തു പിടിച്ചു. " എത്ര നാളായയെന്നറിയ്വോ മുത്തച്ഛനും മുത്തശ്ശിയും മോളെ കാത്തിരിക്കുന്നു..."
"മുത്തച്ഛന്‍ എനിയ്ക്ക് കഥ പറഞ്ഞ് തര്വോ...എന്റെ ക്ലാസ്സിലെ അനുന്റെ ഗ്രന്‍റ്പ അവള്‍ക്ക് എന്നും കഥ പറഞ്ഞു കൊടുക്കൊല്ലോ...?"
അമ്മുമോളുടെ ചോദ്യം എല്ലാവരുടെ ചുണ്ടിലും പുഞ്ചിരി പടര്‍ത്തി.
" മുത്തച്ഛന് അസുഖം മാറട്ടേട്ടോ...എന്നിട്ട് ഒരുപാട് കഥ പറഞ്ഞു തരാട്ടോ മോള്‍ക്ക്‌..."
സന്തോഷം അയാളുടെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികളായി ഒഴുകിയിറങ്ങി.    

ഇല്ല...തനിക്ക്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലാം കാലവും ദൂരവും തീര്‍ത്ത നൈമിഷികമായ അകലം മാത്രം. സ്നേഹത്തിന്റെ ദൃഡതയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ശക്തമായ ഒന്നും തന്നെയില്ല.
അടുക്കാന്‍ അവസരം വരും വരെ ആയുസ്സുള്ള നീര്‍ക്കുമിളയാണ് അകലം.
വസന്ത കാലത്തെ വരവേല്‍ക്കാനൊരുങ്ങിയ പൂന്തോട്ടം പോലെ അയാളുടെ മനസ്സ്‌ ശാന്തമായി...
സന്തോഷം അലതല്ലിയ നിമിഷങ്ങളെ , ഒരുപാട് കൊതിച്ച കാത്തിരുപ്പിന്റെ ആ വിരാമത്തെ അയാള്‍ ആവോളം ആസ്വദിച്ചു.

സന്തോഷം ശാശ്വതമല്ലെന്നത് അപ്രിയമായ സത്യമായിരിക്കാം.
ജീവന്റെ തുടിപ്പുകള്‍ അളന്ന് ചുറ്റിലും നിരന്നു കിടന്ന യന്ത്രങ്ങളില്‍ ചുവന്ന വരകള്‍ വികലമായി വ്യതിചലിച്ചു.
നേഴ്സുമാരും പിറകിലായി ഡോക്ടറും ധൃതിയില്‍ അവിടേക്ക് കടന്നു വന്നു.
" എന്തു പറ്റി ഡോക്ടര്‍...?" സുധീഷ് ഇടറുന്ന ശബ്ദത്തില്‍ ചോദിച്ചു.
" ക്രിട്ടിക്കലാണ്. എമര്‍ജന്‍സി ഓപറേഷന്‍ വേണം...നിങ്ങള്‍ വിഷമിക്കാതിരിക്ക്, ഞങ്ങള്‍ പരമാവധി ശ്രമിക്കാം.."

അമ്മുമോളുടെയും അപ്പുമോന്റെയും മുഖങ്ങളെ  മറച്ചുകൊണ്ട് ഓപറേഷന്‍ റൂമിന്റെ വാതില്‍ പതുക്കെ അടയുന്നതു വരെ അയാള്‍ അവരെ  തന്നെ നോക്കിക്കിടന്നു.
തളര്‍ന്ന കൈകൊണ്ട് ഡോക്ടറുടെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചു.
ഒരു നിമിഷം ഡോക്ടര്‍ അയാളുടെ കുഴിഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കി.

"എന്നെ രക്ഷിക്കില്ലേ...ഡോക്ടര്‍.....എനിയ്ക്ക് ജീവിയ്ക്കണം..."

അയാളുടെ മനസ്സ്‌ മന്ത്രിക്കുന്നത് കണ്ണുകളില്‍ നിന്നും ഡോക്ടര്‍ വ്യക്തമായി വായിച്ചെടുത്തു...



ഫേസ്‌ബുക്കില്‍ ഒന്നു ലെയ്ക്കൂ

Related Posts Plugin for WordPress, Blogger...